കൊച്ചിയിൽ ഫുട്ബോൾ വിരുന്ന്; ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും നേർക്കുനേർ
കൊച്ചി: ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന രാജ്യാന്തര സൗഹൃദ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറും. 2002 ലോകകപ്പ് ജേതാക്കളടക്കം ബ്രസീലിന്റെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലാണ് മത്സരം.
മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് കൊച്ചിയിൽ നടന്നു. ബ്രസീൽ ടീമിനായി റൊണാൾഡീഞ്ഞോ, റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, റിക്കാർഡോ ഒലിവേര ഉൾപ്പെടെയുള്ള പ്രമുഖ മുൻതാരങ്ങൾ കളത്തിലിറങ്ങും. ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമിൽ ഐ.എം. വിജയൻ, സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങിയ ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയ പേരുകളും ഉണ്ടാകും.
ബ്രസീൽ മുൻതാരങ്ങളുടെ അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി നടക്കുന്ന മത്സരപരമ്പരയിലെ രണ്ടാം വേദിയാണ് കൊച്ചി. മുൻ മത്സരങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് കൊച്ചിയിലും വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഫുട്ബോളിന്റെ സുവർണകാലം ഓർമ്മിപ്പിക്കുന്ന താരങ്ങൾ ഒരേ വേദിയിൽ എത്തുന്ന മത്സരം കേരളത്തിലെ കായികപ്രേമികൾക്ക് അപൂർവ അനുഭവമാകുമെന്നാണ് വിലയിരുത്തൽ.





























































































































































































































































































































































































































