‘ചിന്ന ചിന്ന ആസൈ’ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി; ജൂൺ 19ന് ചിത്രം തിയേറ്ററുകളിലേക്ക്
കൊച്ചി: മധുബാലയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ വികാരഭരിതമായ കഥാപശ്ചാത്തലവും സംഗീതാത്മകമായ അവതരണ ശൈലിയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് പുതിയ ടീസർ ഒരുക്കിയിരിക്കുന്നത്.
വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിലെ വിതരണ ചുമതല നിർവഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രണയം, ബന്ധങ്ങൾ, സംഗീതം, ജീവിതത്തിലെ വികാരനിമിഷങ്ങൾ എന്നിവ ചേർത്ത് ഒരുക്കിയ ഒരു ഫീൽ-ഗുഡ് ഡ്രാമയായിരിക്കും ‘ചിന്ന ചിന്ന ആസൈ’ എന്നാണ് ലഭിക്കുന്ന സൂചനകൾ.
ചിത്രത്തിൽ മാധവൻ മാസ്റ്റർ എന്ന കഥാപാത്രമായി ഇന്ദ്രൻസ് എത്തുമ്പോൾ, ലീല എന്ന കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു മലയാള കഥാപാത്രവുമായി മധുബാലയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ഇരുവരുടെയും പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.
അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രദ്ധേയമായ ഹ്രസ്വചിത്രമായ ‘എന്റെ നാരായണി’ക്ക് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ചിത്രമെന്ന പ്രത്യേകതയും ‘ചിന്ന ചിന്ന ആസൈ’ക്കുണ്ട്.
































































































































































































































































































































































































































