ജൂൺ 19, 2026
#latest news #News #Top News

ടെലഗ്രാം നിരോധനം: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി; ഹർജിയിൽ വാദം ശക്തമാക്കി സർക്കാർ

Telegram Channels

 

ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ മറുപടി നൽകി. ടെലഗ്രാം പ്ലാറ്റ്ഫോം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പകർപ്പവകാശ ലംഘനങ്ങൾക്കും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം.

ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾക്കും ചില സാഹചര്യങ്ങളിൽ ടെലഗ്രാം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മുഴുവൻ പ്ലാറ്റ്ഫോമിനും നിയന്ത്രണം ഏർപ്പെടുത്തുന്നത് നിയമപരമായി നിലനിൽക്കുമോയെന്ന കാര്യം പരിശോധിക്കുകയാണെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു മുഴുവൻ ആപ്ലിക്കേഷനെ നിരോധിക്കേണ്ട സാഹചര്യമുണ്ടോ എന്നതും കോടതി വിലയിരുത്തുന്നുണ്ട്.

സർക്കാരിന് ആവശ്യമായ സാഹചര്യങ്ങളിൽ നടപടികൾ സ്വീകരിക്കാനുള്ള അധികാരമുണ്ടെങ്കിലും ആ അധികാരം എത്രത്തോളം പ്രയോഗിക്കാമെന്നതാണ് നിർണായകമെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്നത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി അതിന് പരിഹാരം കാണുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസിൽ തുടർ വാദം അടുത്ത ദിവസങ്ങളിൽ നടക്കും.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു