ദുബായിൽ സാലിക് ടോളിന് വാറ്റ്; ജൂൺ ഒന്ന് മുതൽ യാത്രാച്ചെലവ് ഉയരും
Salik ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ദുബായിൽ ഇനി കൂടുതൽ യാത്രാച്ചെലവ് നേരിടേണ്ടി വരും. സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. 2026 ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
നിലവിലെ അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും പുതിയ വാറ്റ് കൂടി ഈടാക്കും. ദുബായിലെ എല്ലാ 10 സാലിക് ടോൾ ഗേറ്റുകൾക്കും ഈ നികുതി ബാധകമായിരിക്കും. രാവിലെ 6 മണി മുതൽ 10 മണിവരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണിവരെയും തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്നു. ഈ സമയങ്ങളിൽ നിലവിലെ 6 ദിർഹം ടോളിന് പുറമെ വാറ്റ് ചേർത്ത് 6.30 ദിർഹം ഈടാക്കും.
അതേസമയം, രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണിവരെയും കുറഞ്ഞ തിരക്കുള്ള സമയങ്ങളിൽ 4 ദിർഹത്തിന് പകരം 4.20 ദിർഹമാകും നൽകേണ്ടത്. പുലർച്ചെ 1 മണി മുതൽ രാവിലെ 6 മണിവരെ പതിവുപോലെ ടോൾ ഈടാക്കില്ല.
ദിവസേന സാലിക് ഗേറ്റുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്കും സാധാരണ യാത്രക്കാർക്കും പുതിയ നികുതി അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വാറ്റായി ലഭിക്കുന്ന തുക യുഎഇ നിയമപ്രകാരം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്നും സാലിക് കമ്പനി അറിയിച്ചു.






























































































































































































































































































































































































