മെയ്‌ 17, 2026
#latest news #News #Top News

യുഡിഎഫ് മന്ത്രിസഭ രൂപീകരണം അന്തിമഘട്ടത്തിൽ; ആറുപേർക്ക് മന്ത്രി സ്ഥാനം ഉറപ്പ്

VD Satheesan

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ ആറുപേർക്ക് മന്ത്രി സ്ഥാനം ഉറപ്പായതായാണ് സൂചന. എം ലിജു, പി സി വിഷ്ണുനാഥ്, സണ്ണി ജോസഫ് എന്നിവരും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് വിവരം.

ധനവകുപ്പ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും നൽകാനാണ് ധാരണ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകാനും സാധ്യതയുണ്ട്.

അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രിസ്ഥാനം നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സി പി ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേം കാലാവധിയും ഉറപ്പായതായും റിപ്പോർട്ടുണ്ട്.

ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യമോടൊപ്പം അൻവർ സാദത്തിനെയും മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അൻവർ സാദത്തിന് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം മന്ത്രിസഭയിൽ പ്രവേശിക്കില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിക്കുന്നുണ്ട്.

കെ സി വേണുഗോപാൽ, ദീപാ ദാസ്മുൻഷി, വി ഡി സതീശൻ എന്നിവർ നടത്തിയ ചർച്ചയിലാണ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായത്. പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കാനുള്ള നീക്കങ്ങളും ശക്തമായി.

സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, ടി സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ ശക്തൻ, ഒ ജെ ജനീഷ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവരെ ഉൾപ്പെടെ നാല് പേരുടെ പട്ടിക വി ഡി സതീശൻ മുന്നോട്ടുവച്ചതായും റിപ്പോർട്ടുണ്ട്.

കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ടോടെ മന്ത്രിസഭ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു