ജൂൺ 28, 2026
#Sports #Top News

സഞ്ജു സാംസണിനും അഭിഷേക് ശർമ്മയ്ക്കും മുന്നറിയിപ്പ്; വൈഭവ് സൂര്യവംശി അവസരം കാത്തിരിക്കുകയാണെന്ന് മഞ്ജരേക്കർ

Sanju Samson Story

ബെൽഫാസ്റ്റ്: ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും തങ്ങളുടെ സ്ഥാനം ഉറപ്പായതായി കരുതരുതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. മികച്ച ഫോമിലുള്ള യുവതാരം വൈഭവ് സൂര്യവംശി ടീമിലേക്ക് കടന്നുവരാൻ സജ്ജമായിരിക്കുകയാണെന്നും ചെറിയ പിഴവുകൾ പോലും നിലവിലെ ഓപ്പണിംഗ് സഖ്യത്തിന് തിരിച്ചടിയാകാമെന്നും അദ്ദേഹം പറഞ്ഞു.

അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം. ബാറ്റിംഗ് നിരയുടെ മോശം പ്രകടനം ടീമിനെ സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിൽ രണ്ടാം ടി20യിൽ ടീമിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.

സോണി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ, നിലവിൽ സഞ്ജുവും അഭിഷേകുമാണ് ഓപ്പണിംഗ് സ്ഥാനങ്ങളിൽ തുടരുന്നതെങ്കിലും വൈഭവ് സൂര്യവംശി ശക്തമായ മത്സരാർത്ഥിയാണെന്ന് മഞ്ജരേക്കർ വ്യക്തമാക്കി. വലിയ ലക്ഷ്യം പിന്തുടരുന്ന മത്സരങ്ങളിൽ പവർപ്ലേ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ വൈഭവിന് കഴിവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, 2026 ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന് അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. നാല് പന്തിൽ അഞ്ച് റൺസ് മാത്രമാണ് താരം നേടിയത്. ലോകകപ്പ് വിജയിച്ച ഓപ്പണിംഗ് സഖ്യത്തെ തുടരാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചതിനാലാണ് വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്നത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി മികച്ച ഫോമിലാണ്. ഇതോടെ നിർണായകമായ രണ്ടാം ടി20യിൽ അദ്ദേഹത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു