തമിഴ്നാട് മന്ത്രിസഭാ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിന്
ചെന്നൈ: തമിഴ്നാട്ടിലെ പുതിയ മന്ത്രിസഭയുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യും. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകളും മുഖ്യമന്ത്രിയുടെ ചുമതലയിലായിരിക്കും.
മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യന് ധനവകുപ്പ് നൽകിയിട്ടുണ്ട്. ബുസി ആനന്ദ് ഗ്രാമവികസനവും ജലവിഭവ വകുപ്പും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളുടെ ചുമതല ആധവ് അർജുനയ്ക്കാണ് നൽകിയിരിക്കുന്നത്.
അരുൺരാജിന് ആരോഗ്യവകുപ്പും പി വെങ്കട്ടരമണന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പും ലഭിച്ചു. സി ടി ആർ നിർമൽകുമാർ വൈദ്യുതി, നിയമ വകുപ്പ് കൈകാര്യം ചെയ്യും. രാജ്‌മോഹന് പൊതുവിദ്യാഭ്യാസവും പിആർഡി വകുപ്പും നൽകി. ടി കെ പ്രഭുവിന് ഖനനം, പ്രകൃതി വിഭവ വകുപ്പ് ചുമതലപ്പെടുത്തി.
29 വയസുകാരിയായ എസ് കീർത്തനയ്ക്ക് വ്യവസായ വകുപ്പ് നൽകിയതും ശ്രദ്ധേയമായി. പുതിയ മന്ത്രിസഭയിൽ യുവ നേതാക്കൾക്കും പ്രധാന വകുപ്പുകൾ നൽകിയിരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്.
മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.






















































































































































































































































































































































































